ബറോഡ: ഭാര്യയുടെ മുഖംമറയ്ക്കാത്ത ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന് നേരെ സൈബറാക്രമണം. എട്ടാം വിവാഹവാർഷിക ദിനത്തിലാണ് ഭാര്യ സഫ ബേഗിനൊപ്പം നിൽക്കുന്ന ചിത്രം ഇർഫാൻ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് പങ്കാളിയുടെ മുഖാവരണമില്ലാത്ത ചിത്രം പരസ്യപ്പെടുത്തിയതിനെതിരെ ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയത്.
ഒരാത്മാവിനാൽ കീഴ്പ്പെടുത്തിയ ഒരുപാട് റോളുകൾ- മൂഡ് ബൂസ്റ്റർ, കൊമേഡിയൻ, പ്രശ്നക്കാരി, എപ്പോഴും കൂടെയുള്ള, സുഹൃത്ത്, എൻറെ കുട്ടികളുടെ ഉമ്മ. ഇത് മനോഹരമായ യാത്രയായിരുന്നു. എൻറെ ഭാര്യയെന്ന നിലയിൽ എട്ടാം വിവാഹ വാർഷികത്തിൽ നിന്നെ ഞാൻ അതിലേറെ സ്‌നേഹിക്കുന്നു പ്രണയിനി എന്ന കുറിപ്പോടെയാണ് ഇർഫാൻ പത്താൻ സമൂഹമാദ്ധ്യമങ്ങളിൽ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
ഇന്ത്യക്കാരിയാണെങ്കിലും സഫ വളർന്നത് സൗദിയിലായിരുന്നു. മോഡലായിരുന്ന സഫ പ്രൊഫഷണൽ നെയിൽ ആർട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയയാണ്. സൗദിയിലെ വ്യവസായിയായ മിർശ ഫാറൂഖിയാണ് സഫയുടെ പിതാവ്. 2016 ൽ ആണ് ഇർഫാൻ സഫയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഇമ്രാൻ, സുലൈമാൻ എന്നീ രണ്ട് ആൺമക്കളുണ്ട്.









