ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയിൽ ഒഴിവാക്കാനാവാത്ത ശക്തിയായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സെമികണ്ടക്ടർ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘സെമികോൺ 2.0’ പദ്ധതിയുടെ ആറ് സുപ്രധാന ഘടകങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുമൊരു ചിപ്പ് നിർമ്മാണശാല സ്ഥാപിക്കുന്നതിലുപരി ചിപ്പ് ഡിസൈനിംഗ്, ഉപകരണ നിർമ്മാണം, പ്രത്യേക രാസവസ്തുക്കളുടെയും വാതകങ്ങളുടെയും ഉത്പാദനം, അസംസ്കൃത വസ്തുക്കൾ, വൈദഗ്ധ്യമുള്ള തൊഴിൽശക്തി എന്നിവ ഉൾപ്പെടുന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ രാജ്യത്ത് കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ലോകരാജ്യങ്ങളും ആഗോള കമ്പനികളും ഇന്ത്യയുടെ ഉത്പാദനത്തെയും ഡിസൈനിംഗിനെയും ആശ്രയിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് അടുത്ത ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
2022-ൽ ‘സെമികോൺ 1.0’ ആരംഭിച്ചപ്പോൾ ഇന്ത്യയുടെ ശേഷിയെക്കുറിച്ച് ആഗോളതലത്തിൽ സംശയങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ പദ്ധതികൾ വേഗത്തിൽ യാഥാർത്ഥ്യമാക്കിയതിലൂടെ ആ സംശയങ്ങൾ പൂർണ്ണ ആത്മവിശ്വാസമായി മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെറും സാമ്പത്തിക ആനുകൂല്യങ്ങൾ കണ്ട് മാത്രമല്ല ആഗോള കമ്പനികൾ ഇന്ത്യയിലേക്ക് എത്തുന്നത്; അടുത്ത രണ്ട് മൂന്ന് പതിറ്റാണ്ടുകളിലെ ദീർഘകാല വളർച്ചാ സാധ്യതകൾ മുൻനിർത്തിയാണ് അവർ നിക്ഷേപം നടത്തുന്നത്.
പ്രാദേശിക എംഎസ്എംഇകൾക്ക് സെമികണ്ടക്ടർ ഉപകരണങ്ങളുടെ ഘടകങ്ങൾ നിർമ്മിക്കാനുള്ള വലിയ അവസരങ്ങൾ ഇതിലൂടെ ലഭിക്കും. ഇതിനുപുറമെ, 85,000 പ്രൊഫഷണലുകളെ പരിശീലിപ്പിക്കുക എന്ന പ്രാരംഭ ലക്ഷ്യം മുൻകൂട്ടി കൈവരിച്ച ഇന്ത്യ, ഇനി 1.4 ലക്ഷം എൻജിനീയർമാർക്ക് പരിശീലനം നൽകാനുള്ള പുതിയ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. 2032-ഓടെ ലോകത്ത് 10 ലക്ഷം വൈദഗ്ധ്യമുള്ളവരുടെ കുറവുണ്ടാകുമെന്നിരിക്കെ, ഈ മാനവവിഭവശേഷി ഇന്ത്യയ്ക്ക് വലിയ അവസരമായി മാറും. പ്രോജക്റ്റുകളുടെ എണ്ണത്തേക്കാൾ ഗുണനിലവാരത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










