ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനം ഉയർത്തി ഗ്രാമി അവർഡ് ജേതാക്കളായവർക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉസ്താദ് സക്കീർ ഹുസൈൻ, ശങ്കർ മഹാദേവൻ, രാകേഷ് ചൗരസ്യ, ഗണേഷ് രാജഗോപാലൻ, വി സെൽവഗണേഷ് (താളവാദ്യ വിദഗ്ധൻ) എന്നിവർക്കാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്. ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡ് ‘ശക്തി’ക്കു മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള 2024 ഗ്രാമി അവാർഡിന് അർഹമായത്.
‘ഗ്രാമി അവാർഡിലെ ഉസ്താദ് സക്കീർ ഹുസൈൻ, ശങ്കർ മഹാദേവൻ, രാകേഷ് ചൗരസ്യ, ഗണേഷ് രാജഗോപാലൻ, വി സെൽവഗണേഷ് എന്നിവരുടെ അസാമാന്യ വിജയത്തിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടങ്ങൾ. പുതിയ തലമുറയിലെ കലാകാരന്മാർക്ക് വലിയ സ്വപ്നം കാണാനും സംഗീത രംഗത്ത് ഉയരങ്ങളിലെത്താനും നിങ്ങളുടെ നേട്ടങ്ങൾ പ്രചോദനമാകും’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അമേരിക്കൻ ഹാസ്യനടനായ ട്രെവർ നോഹയാണ് തുടർച്ചയായ നാലാം വർഷവും ഗ്രാമി പുരസ്‌കാര ചടങ്ങിന്റെ അവതാരകൻ. ലൊസാഞ്ചലസിലാണ് ഗ്രാമി പുരസ്‌കാരദാനം നടക്കുന്നത്. 2022 ഒക്ടോബർ 1 മുതൽ 2023 സെപ്തംബർ 15 വരെയുള്ള കാലയളവിലുള്ള പാട്ടുകളാണ് വിവിധ കാറ്റഗറികളിലായി മത്സരിച്ചത്. അതിൽ മികച്ച സോളോ പോപ് പെർഫോമൻസിനുള്ള അവാർഡ് ബില്ലി എലിഷിനെയും ടെയിലർ സ്വിഫ്റ്റിനെയും പിന്നിലാക്കി മിലി സൈറസ് സ്വന്തമാക്കി. ടെയ്ലർ സ്വിഫ്റ്റിന്റെ ‘മിഡ്‌നൈറ്റ്സ്’ മികച്ച ആൽബമായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ വർഷത്തെ മികച്ച കൺട്രി ആൽബമായി ലെയ്‌നി വിൽസൺന്റെ ബെൽ ബോട്ടം കൺട്രിയും, മികച്ച അർബൻ ആൽബമായി കരോൾ ജിയുടെ മാനാനാ സെറ ബോണിട്ടോയും തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post