പാട്ന : ബീഹാറിലെ പാട്നയിലുള്ള തഖ്‌ത് ശ്രീ ഹർമന്ദിർ ഗുരുദ്വാരയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. നിരവധി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹർമന്ദിർ ഗുരുദ്വാരയിലെ പുതിയ ലംഗാർ ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി സ്ഥലത്തെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ലോക്കൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏതാനും സമയത്തെ ശ്രമങ്ങൾ കൊണ്ടാണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ ആയത്.
പരിക്കേറ്റ തൊഴിലാളികളിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. പരിക്കേറ്റ തൊഴിലാളികളെ പാട്ന നഗരത്തിലെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിക്ക് വിദഗ്ധ ചികിത്സ നൽകി വരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post