ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആറ് വയസുകാരിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് മരിച്ച പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. കുറ്റവാളികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസിയുടെ ശ്രമമുണ്ടായെന്നാണ് റിട്ട് ഹർജിയിൽ അമ്മ ചൂണ്ടിക്കാട്ടുന്നത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘം വീഴ്ച്ച വരുത്തി. മകൾ കൊല്ലപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചത്. ഈ തെളിവുകൾ ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഡിഎൻഎ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഹർജി നാളെ കോടതി പരിഗണിക്കും.
2021 ജൂൺ 30നായിരുന്നു ആറ് വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് സമീപവാസിയായ അർജുനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, പിന്നീട് തെളിവുകളുടെ അഭാവത്തിൽ ഇയാളെ കോടതി കുറ്റിമുക്തനാക്കുകയായിരുന്നു. കേസിലെ അന്വേഷണ ഉദേയാഗസ്ഥനായിരുന്ന വാഴക്കുളം പോലീസ് സ്‌റ്റേഷൻ സിഐ ടിഡി സുനിൽകുമാറിനെ സസ്‌പെന്റ് ചെയ്തിരുന്നു. സിഐ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയും വിമർശനം ഉന്നയിച്ചിരുന്നു.








