കോട്ടയം : ഞായറാഴ്ച കുർബാനക്കിടയിൽ 16 വയസ്സുകാരൻ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ചാണ് ദാരുണ സംഭവം ഉണ്ടായത്. ഞായറാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം നടന്നത്.
ആനക്കല്ല് നെല്ലിക്കുന്നേൽ അഡ്വക്കേറ്റ് പോൾ ജോസഫിന്റെ മകനായ മിലൻ പോൾ ആണ് മരണപ്പെട്ടത്. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. ഇടവകയിലെ ആൾത്താര ബാലനായിരുന്ന മിലൻ ഞായറാഴ്ച കുർബാനക്കിടയിൽ വച്ച് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മിലൻ കുഴഞ്ഞു വീഴുന്നത് കണ്ട് ആളുകൾ ഓടി കൂടിയപ്പോൾ വായിൽ നിന്നും നുരയും പതയും വരുന്ന അവസ്ഥയിലായിരുന്നു.
ഉടൻതന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമായിരിക്കും മരണകാരണം സ്ഥിരീകരിക്കാൻ ആവുക. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട മിലൻ പോൾ.








