പാരിസ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ജീവിതച്ചെലവ് വർധനവിനുമെതിരെയുള്ള പ്രക്ഷോഭം ഫ്രാൻസിൽ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. വ്യാപകമായ അക്രമങ്ങളും കൊള്ളയും അരങ്ങേറിയതോടെ പാരിസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ അധികൃതർ കർഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്ത് ക്രമസമാധാനനില തകർന്നതിനെ തുടർന്ന് ആഭ്യന്തര മന്ത്രി രാജിസന്നദ്ധത അറിയിച്ചെങ്കിലും പ്രസിഡന്റ് ആ രാജി തള്ളി. ഇതിനിടെ, പ്രതിഷേധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നവംബർ 5ന് രാജ്യവ്യാപകമായി പൊതുപണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചു.
കുതിച്ചുയരുന്ന ജീവിതച്ചെലവിനൊപ്പം തകർച്ച നേരിടുന്ന പൊതുസേവന മേഖലയും സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ഫ്രഞ്ചു യുവജനങ്ങളെയും വിദ്യാർത്ഥികളെയും തെരുവിലിറക്കിയത്. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ അക്രമാസക്തമാവുകയായിരുന്നു.രാജ്യത്തുടനീളം ഇതുവരെ 2,400ഓളം പേരെയാണ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പാരിസിൽ മാത്രം മുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങളും ആഡംബര ഷോറൂമുകളും തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഫ്രാൻസിന്റെ ചരിത്രപ്രധാനമായ ചില നഗരങ്ങളിൽ സർക്കാർ കെട്ടിടങ്ങളും സിറ്റി ഹാളുകളും പ്രതിഷേധക്കാർ തീവെച്ച് നശിപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിട്ടും പാരിസിലെ ലോകപ്രശസ്തമായ ലൂവ്ര് ഗാലറിക്ക് മുന്നിലും സയൻസസ് പോ സർവകലാശാലയിലും വിദ്യാർത്ഥി പ്രതിഷേധം ശക്തമായി തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ലക്ഷ്യമിട്ട് പാരിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളാണ് അധികൃതർ നടപ്പിലാക്കിയിരിക്കുന്നത്. സമാനതകളില്ലാത്ത അക്രമപരമ്പരകൾ ഫ്രഞ്ച് ടൂറിസം മേഖലയെയും ജനജീവിതത്തെയും ഒരുപോലെ സ്തംഭിപ്പിച്ചിരിക്കുകയാണ്. അതിനിടയിലാണ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 5ന് ശക്തമായ പ്രക്ഷോഭവും രാജ്യവ്യാപക പണിമുടക്കും ഉണ്ടാകുമെന്ന് പ്രമുഖ തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കിയിരിക്കുന്നത്.












