മുംബൈ : കോൺഗ്രസിൽ നിന്ന് രാജി വച്ചതിനു പിന്നാലെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് . അദ്ദേഹത്തിനൊപ്പം എംഎൽസി സ്ഥാനം രാജിവച്ച അമർ രാജൂർക്കറും ഇന്ന് ബിജെപിയിൽ ചേരും. ഉപമുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉച്ചയോടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് വിവരം. ഏതെങ്കിലും പാർട്ടിയുടെ ഭാഗമാകുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തന്നെ വ്യക്തമാക്കുമെന്ന് അശോക് ചവാൻ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
സംസ്ഥാന പാർട്ടി മേധാവി നാനാ പട്ടോളുമായുള്ള ചവാന്റെ അഭിപ്രായവ്യത്യാസമാണ് രാജിക്ക് പിന്നിലെന്നും സൂചനയുണ്ട്. മഹാരാഷ്ട്രയിലെ ഒരു കോൺഗ്രസ് നേതാവിന്റെ പ്രവർത്തന ശൈലിയിൽ അശോക് ചവാന് അതൃപ്തി ഉണ്ടായിരുന്നുവെന്ന് മുംബൈ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപവും വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ മഹാരാഷ്ട്ര കോൺഗ്രസിന് മറ്റൊരു പ്രഹരമാണ് ചവാന്റെ രാജി. മഹാരാഷ്ട്രയിൽ അടുത്തിടെ കോൺഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാൻ. ദിവസങ്ങൾക്ക് മുമ്പ് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റയും മുൻമന്ത്രി ബാബ സിദ്ദിഖും 48 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നിരുന്നു. വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്നും പ്രധാന നേതാക്കൾ ബിജെപിയിൽ ചേരുമെന്നാണ് വിവരം.
മുൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ശങ്കർറാവു ചവാന്റെ മകനായ അശോക് ചവാൻ 1986-ൽ കോൺഗ്രസ് പാർട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ ജനറൽ സെക്രട്ടറിയായാണ് രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്. പിന്നീട് തൊട്ടടുത്ത വർഷം തന്നെ എട്ടാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചവാൻ, 1992-ലാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആറുവർഷത്തേക്ക് നിയമനിർമ്മാണ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പൊതുമരാമത്ത്, നഗരവികസനം, ആഭ്യന്തരം എന്നിവയുടെ മന്ത്രിയായും അശോക് ചവാൻ എത്തി.
Discussion about this post