തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനാണ് സിബിഐ അന്വേഷണം എന്ന് മനസിലാക്കുന്നില്ല. ഇനിയൊരു അന്വേഷണം കേസിൽ ആവശ്യമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ വന്ദന ദാസിനെ ഉടൻ പോലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. മെഡിക്കൽ കോളേജ് മേധാവിയടക്കമുള്ള ഡോക്ടർമാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ് കാർഡിയോ തൊറാസിക് സർജൻറെ സേവനമുൾപ്പെടെ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എത്രയും വേഗം ചികിത്സ നൽകാനുള്ള ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. കൊട്ടാരക്കര സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത ശേഷം പിന്നീട് കോടതി റിമാന്റ് ചെയ്തിരുന്നു. സമഗ്ര അന്വേഷണത്തിനായി കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. വ്യക്തമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ മാതാപിതാക്കൾ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ, ഹൈക്കോടതി ഹർജി നിരസിച്ചു. എന്തടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തേണ്ടത്. കൃത്യമായ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇക്കാര്യത്തിൽ ഇനിയൊരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post