തിരുവനതപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് കൊടിയേറി. പത്തു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവ ചടങ്ങ് രാവിലെ എട്ടിന് ആരംഭിച്ചു. കണ്ണകീ ചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത് .
വൈകീട്ട് ആറിന് ആരംഭിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് സമ്മാനിക്കും. പൊങ്കാല ദിവസമായ 25-ന് രാവിലെ 10:30ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2:30-ന് പൊങ്കാല നിവേദ്യം, രാത്രി 7:30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽകുത്ത്, രാത്രി 11-ന് മണക്കാട് ശാസ്ത്രാ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും. 26-ന് രാവിലെ ദേവിയെ അകത്ത് എഴുന്നള്ളിക്കുന്നതാണ്. രാത്രി 9:45-ന് കാപ്പഴിക്കും. 27-ന് പുലർച്ചെ 12:30-ന് കുരുതി തർപ്പണം നടത്തുന്നതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് സമാപനമാവും.
ഇത്തവണ വൻ സജ്ജീകരണങ്ങളാണ് ഒുക്കിയിരിക്കുന്നത്. തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇത്തവണ മൂവായിരം ശുചീകരണ തൊഴിലാളികളയും 500 വൊളന്റിയർമാരെയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണമായും ഗ്രീൻ പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പൊങ്കാല.
Discussion about this post