ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതിവിധിയിൽ സംശയം പ്രകടിപ്പിച്ച് സുപീം കോടതി ജഡ്ജിയുടെ നിരീക്ഷണം. യു.ജി.സി. ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതിനുശേഷമാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ ഹൈക്കോടതിവിധിക്ക് എതിരെ പരാമർശം നടത്തിയത്.
യുജിസി സെക്ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയർത്തിയത്. യുജിസി സെക്ഷൻ 3 (11) ൽ പറയുന്നത് പ്രകാരം എംഫിൽ, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്സ്പീരിയൻസായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു. ഇതു തെറ്റായിട്ടാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.
ഇതു കൂടി കണക്കിലെടുത്തുകൊണ്ടാണ് പ്രിയ വർഗീസിന്റെ യോഗ്യതാ മാനദണ്ഡം ഹൈക്കോടതി അംഗീകരിച്ചത്. ഇതു ചോദ്യം ചെയ്താണ് രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സുപ്രീംകോടതിയെ സമീപിച്ചത്. യുജിസി ഈ കേസിൽ കക്ഷിചേർന്നിരുന്നു. സെക്ഷൻ മൂന്ന് തെറ്റായിട്ടാണ് ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് യുജിസി സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിന് മറുപടിയുണ്ടെന്ന് പ്രിയ വർഗീസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിധീഷ് ഗുപ്ത പറഞ്ഞു. പ്രിയ വർഗീസിന് വേണ്ടി സുപ്രീം കോടതിയിൽ ഇന്ന് ഹാജരായത് സീനിയർ അഭിഭാഷകൻ നിധീഷ് ഗുപ്ത, അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി. രാമൻ എന്നിവരായിരുന്നു.
Discussion about this post