തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. കൊടിയേറ്റത്തിന് മുന്നോടിയായി നാളെ ആനയില്ലാ ശീവേലിയും ആനയോട്ടവും നടക്കും. നാളെ രാവിലെ ഏഴ് മണിക്ക് ശീവേലി നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം. പത്ത് ആനകളാണ് ഇത്തവണ ആനയോട്ട ചടങ്ങിൽ പങ്കെടുക്കുക.
ആനയോട്ടത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സബ് കമ്മിറ്റി യോഗം ചേർന്നു. വിദഗ്ധ സമിതി മദപ്പാടില്ലാത്തതും അപകടകാരികളല്ലാത്തതുമായ 17 ആനകളുടെ ലിസ്റ്റ് തയ്യാറാക്കും. ഇതിൽ നിന്നും പത്ത് ആനകളെ നറുക്കിട്ട് എടുക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് ആനകളിൽ മൂന്ന് ആനകളെ മാത്രമാണ് ഓടാൻ നിയോഗിക്കുക. ബാക്കി രണ്ട് ആനകളെ കരുതലായി നിർത്തും.
നാളെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മഞ്ജുളാൽ പരിസരത്ത് ആനകളെ അണിനിരത്തും. ക്ഷേത്ര നാഴികമണി മൂന്നടിക്കുന്നതോടെ മാരാർ ശംഖ് മുഴക്കിയാൽ ആനകൾ ഓടാൻ തുടങ്ങും. ആദ്യം ഓടിയെത്തി ക്ഷേത്രമതിൽക്കെട്ടിനകത്ത് പ്രവേശിക്കുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഉത്സവച്ചടങ്ങുകൾക്കായുള്ള ആചാര്യവരണവും മുളയറയിൽ മുളയിടൽ ചടങ്ങും നടക്കും
രാത്രി കുംഭത്തിലെ പൂയം നക്ഷത്രത്തിൽ ധ്വജ സ്തംബത്തിൽ ക്ഷേത്രം തന്ത്രി കൊടിയേറ്റുന്നതോടെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന് തുടക്കമാകും.
സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ കർശനമാക്കാൻ യോഗം തീരുമാനമായിട്ടുണ്ട്. ആനകൾ ഓടുന്ന വഴിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. വേണ്ടത്ര ജലം ലഭ്യമാക്കാനും ഫയർഫോഴ്സ്, പോലീസ് ഡിപ്പാർട്ടുമെന്റുകളുടെ ജാഗ്രത തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാദേവി, സബ് കമ്മിറ്റി അംഗങ്ങളായ കെപി ഉദയൻ, സജീവൻ നമ്പിയത്ത്, ബാബുരാജ് ഗുരുവായൂർ, കെയു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Discussion about this post