ഡല്‍ഹി: 2016-17 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പുകള്‍ക്കായി കൂടുതല്‍ തുക വിലയിരുത്തുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലി. വിവിധ സാമൂഹികമേഖലകളില്‍ നിന്നുള്ളവരുമായി നടത്തിയ പ്രീ ബജറ്റ് ചര്‍ച്ചകള്‍ക്കിടെയാണ് അരുണ്‍ ജയ്റ്റലി ഇക്കാര്യം അറിയിച്ചത്.
വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന കൊടുക്കുന്നതെങ്കിലും സാമൂഹിക സുരക്ഷ ഉറപ്പാക്കുവാനും, കുട്ടികളുടേയും, സ്ത്രീകളുടേയും, മുതിര്‍ന്ന പൗരന്‍മാരുടേയും ക്ഷേമം ഉറപ്പാക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടാക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
പുകയില ഉത്പന്നങ്ങള്‍ക്കും, മദ്യത്തിനും ഉയര്‍ന്ന നികുതി ഈടക്കണമെന്നും, വാര്‍ധക്യ പെന്‍ഷന്‍ 200ല്‍ നിന്നും 500ആയി ഉയര്‍ത്തണമെന്നും ചര്‍ച്ചകളില്‍ നിര്‍ദേശമുയര്‍ന്നു. വിധവ പെന്‍ഷന്‍ ഉയര്‍ത്തണമെന്നും. ഗാര്‍ഹിക പീഡന നിയമത്തിന്റെ ഭാഗമായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും വിധവകള്‍ക്കും താമസസൗകര്യമൊരുക്കാന്‍ ഫണ്ട് വകയിരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
കേന്ദ്രതൊഴിലുറപ്പ് പദ്ധതിയിലേക്ക് മുതിര്‍ന്ന പൗരന്‍മാരെ ഉള്‍പ്പെടുത്തണമെന്ന് ഹെല്‍പ്പ് ഏജ് ഇന്ത്യ ബോര്‍ഡ് മെംബര്‍ മാത്യൂ ചെറിയാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 60നും 79നും ഇടയില്‍ പ്രായമുളളവര്‍ക്ക് 500 രൂപയും 80ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആയിരം രൂപയും പെന്‍ഷന്‍ നല്‍കണമെന്നും ഹെല്‍പ്പ് ഏജ് ഇന്ത്യ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്തെ ആരോഗ്യസംരക്ഷണം ലോകനിലവാരത്തില്‍ എത്തിക്കണമെങ്കില്‍ ആരോഗ്യമേഖലയ്ക്ക് അനുവദിച്ച വിഹിതം ഇര്ട്ടിയാക്കണമെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
Discussion about this post