കണ്ണൂർ : കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ എത്തിയ അരി തീർന്നത് വെറും ഒന്നര മണിക്കൂർ കൊണ്ടാണ്. അതും 100 ക്വിന്റൽ അരിയാണ് നിമിഷനേരം കൊണ്ട് വിറ്റ് കഴിഞ്ഞത്.
പത്ത് കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. അരിയെത്തിയ വിവരം അറിഞ്ഞ് കിലോമീറ്ററുകൾ അകലെ നിന്ന് വരെ എത്തിയവരും ഏറെയാണെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. ബിജെപിയുടെ പ്രാദേശിക പ്രവർത്തകരാണ് വിൽപ്പന നടത്തുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ അരി വാങ്ങാൻ വൻ ജനാവലി ആയിരുന്നു. അരി വിതരണം ചെയ്യുന്നുണ്ടെന്ന് കേട്ടറിഞ്ഞ നാട്ടുകാർ ഓടിക്കൂടിയതോടെ വിതരണം ടോക്കൺ അടിസ്ഥാനത്തിൽ നടത്തിയിരുന്നു. 1,000 പേർക്കാണ് ഇന്നലെ മാത്രമായി 10 കിലോ അരി വിതരണം ചെയ്തത്. ഈ ആഴ്ച തന്നെ വാഹനങ്ങളിൽ എല്ലാ ജില്ലകളിലും അരി വിതരണം ചെയ്യുമെന്നാണ് എൻസിസിഎഫ് അറിയിച്ചിരിക്കുന്നത്.












