ഗുവാഹത്തി : ഇന്ത്യയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പുരോഗതി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് റിമോട്ട് പൈലറ്റ് പരിശീലന ഓർഗനൈസേഷൻ ആരംഭിച്ച് ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. 18 ഏക്കർ വിസ്തൃതിയിലാണ് പുതിയ പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഒരേസമയം 9 ഇടത്തരം ഡ്രോണുകൾ പറത്താൻ ശേഷിയുള്ളതാണ് പുതുതായി സ്ഥാപിക്കപ്പെട്ടിട്ടുള്ള റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷൻ.
അടുത്തിടെ പ്രധാനമന്ത്രി ആരംഭം കുറിച്ച ‘നമോ ഡ്രോൺ ദീദി’ സംരംഭത്തിന് മികച്ച സംഭാവനകൾ നൽകാൻ പുതിയ റിമോട്ട് പൈലറ്റ് പരിശീലന ഓർഗനൈസേഷന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. തുടക്കത്തിൽ ഡിജിസിഎ സർട്ടിഫൈഡ് ആയ ഒരു മീഡിയം ക്ലാസ് ഡ്രോൺ പൈലറ്റ് പരിശീലന കോഴ്സ് ആയിരിക്കും ഇവിടെ ആരംഭിക്കുക.
കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ‘നമോ ഡ്രോൺ ദീദി’ സംരംഭത്തിന് കീഴിലുള്ള സ്വയം സഹായ ഗ്രൂപ്പുകളിൽ നിന്നുള്ള സ്ത്രീകൾക്ക് റിമോട്ട് പൈലറ്റ് പരിശീലന കോഴ്സിൽ പ്രത്യേക പരിഗണന ഉണ്ടായിരിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുവദിക്കുന്ന റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റും നൽകുന്നതാണ്.
Discussion about this post