ആലപ്പുഴ: ഇരട്ടത്താപ്പിന്റെ പേരാണ് സിപിഎമ്മെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ബ്രേവ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അദാനിയെ വിമാനത്താവളം എടുക്കാൻ ക്ഷണിച്ചു വരുത്തിയത് പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും അദ്ദേഹം തുറന്നടിച്ചു.
അദാനിക്ക് വിമാനത്താവളം കൊടുക്കുന്നതിനെതിരായി മനുഷ്യ കോട്ട നിർമ്മിച്ച് പ്രതിരോധിക്കുമെന്ന് സിപിഎം പറഞ്ഞു. എവിടെയാണ് കോട്ട നിർമ്മിച്ചത്. കല്ലുവച്ച പച്ചക്കള്ളം പറഞ്ഞ് പാവപ്പെട്ട സഖാക്കളെ കബളിപ്പിക്കാൻ ചെയ്യുന്നതാണ്. അദാനിയെ വിമാനത്താവളം ഏറ്റെടുക്കാന്‍ ക്ഷണിച്ചു വരുത്തിയത് പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ്. നാട്ടുകാരെ കബളിപ്പിക്കാൻ നടത്തുന്ന പൊറാട്ട് നാടകമാണ് അദാനിക്കെതിരായി നടത്തുന്ന യുദ്ധമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ കാലാവധി നീട്ടിക്കൊടുക്കുന്നതിനെതിരെ ആക്ഷേപം ഉന്നയിച്ചു. അദാനിയുമായുള്ള അവിഹിത ബന്ധത്തിന്റെ ഭാഗമായാണ് കാലാവധി നീട്ടിക്കൊടുക്കുന്നത് എന്നാണ് അന്ന് അവർ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ വീണ്ടും കാലാവധി നീട്ടിക്കൊടുക്കുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു തർക്കവുമല്ല. നിക്ഷേപത്തിന്റെ ഭാഗമായി ഇപ്പോൾ ഗൗതം അദാനിയുടെ മകനെ കൊണ്ട് വന്നു സ്വീകരണം കൊടുക്കുന്നു. അതുകൊണ്ടാണ് പറഞ്ഞത് ഇരട്ടത്താപ്പിന്റെ പേരാണ് സിപിഎം എന്ന്. അവർ ചെയ്യുന്നത് എല്ലാം ശരിയും. ബാക്കിയുള്ളവർ ചെയ്യുന്നത് എല്ലാം തെറ്റും എന്നാണ്. അതിപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് മനസിലായി കഴിഞ്ഞു. സഖാക്കൾക്കും ഇത് മനസിലായിട്ടുണ്ട്. പക്ഷേ, ഇതെല്ലാം അവരുടെ ജീവിത പ്രശ്‌നമായതു കൊണ്ട് അവരെല്ലാം ന്യായീകരിച്ച് മുന്നോട്ടു പോകുകയാണെന്നും പ്രേമചന്ദ്രൻ ബ്രേവ് ഇന്ത്യയോട് പറഞ്ഞു.
Discussion about this post