കണ്ണൂർ : സമൂഹമാദ്ധ്യമത്തിലൂടെയുള്ള സൗഹൃദം മുതലെടുത്ത് യുവതിയിൽ നിന്നും തട്ടിയെടുത്തത് 2 ലക്ഷം രൂപ. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ പരാതിയെ തുടർന്ന് കൊല്ലം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വി. വിനീത് കുമാർ ആണ് അറസ്റ്റിലായത്.
നിക്ഷേപം എന്ന പേരിലാണ് വിനീത് കുമാർ പണം തട്ടിയത് എന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏഴുമാസമായി ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ സുഹൃത്തുക്കളായിരുന്നു. കണ്ണൂർ സൈബർ സെല്ലിലായിരുന്നു യുവതി പരാതി നൽകിയത്. സൈബർ സെൽ കൊല്ലത്തു നിന്നും അറസ്റ്റ് ചെയ്ത വിനീത് കുമാറിനെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
സമൂഹമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ചില ധനകാര്യ സ്ഥാപനങ്ങളുടെ പേര് പറഞ്ഞ് ഉയർന്ന പലിശയിൽ നിക്ഷേപം നടത്താമെന്നു പറഞ്ഞാണ് പലരും തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ പുരുഷന്മാരെ വശീകരിക്കുന്നതിനായി പെൺകുട്ടികളെയും സംഘം നിയോഗിക്കുന്നുണ്ട്. തട്ടിപ്പിനിരയായ പലരും അപമാന ഭീതി മൂലം പരാതിപ്പെടാത്ത സാഹചര്യമാണ് ഉള്ളതെന്നും സൈബർ പോലീസ് അറിയിച്ചു.









