എറണാകുളം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകരുതെന്ന് ഹൈക്കോടതിയോട് യാചിച്ച് പ്രതികൾ. ശിക്ഷ കൂട്ടണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയോട് പ്രതികൾ യാചിച്ചത്. കുടുംബമുണ്ടെന്നും പഠിക്കണമെന്നുമുൾപ്പെടെയുള്ള ന്യായങ്ങളായിരുന്നു ഇതിനായി പ്രതികൾ കോടതിയ്ക്ക് മുൻപിൽ നിരത്തിയത്. ഹർജിയിൽ വാദം നാളെയും തുടരും.
നിലവിൽ ഒരാളൊഴികെയുള്ള മറ്റ് പ്രതികൾക്ക് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഇത് ഉയർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സർക്കാരും എംഎൽഎയും ടിപിയുടെ ഭാര്യയുമായ കെ.കെ രമയുമാണ് ഹർജി നൽകിയിട്ടുള്ളത്. ഇത് പരിഗണിക്കുന്നതിനിടെ ഓരോ പ്രതികളെയും പ്രത്യേകം കൂട്ടിലേക്ക് വിളിച്ച് കോടതി വധശിക്ഷയോ അതിനടുത്തു നിൽക്കുന്ന കഠിന ശിക്ഷയോ നൽകാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികൾ ന്യായീകരണങ്ങൾ നിരത്തിയത്. ശിക്ഷയിൽ ഇളവ് നൽകണമെന്നും ഇവർ കോടതിയോട് അഭ്യർത്ഥിച്ചു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു കേസിലെ ഒന്നാം പ്രതി എം.സി അനൂപ് കോടതിയോട് പറഞ്ഞത്. ഭാര്യയും കുട്ടികളും ഉണ്ട്. അതിനാൽ ശിക്ഷ കൂട്ടരുതെന്നും പ്രതി പറഞ്ഞു. നിരപരാധിയാണെന്നും കുടുക്കിയത് ആണെന്നും കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മയെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും അതിനാൽ ശിക്ഷ കൂട്ടരുതെന്നും കിർമാണി മനോജ് കോടതിയിൽ ബോധിപ്പിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബം നോക്കണമെന്നുമായിരുന്നു കെ.കെ കൃഷ്ണന്റെ വാദം. 78 വയസ്സായി. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ട്. സഹോദരൻ കൊല്ലപ്പെട്ടതാണ്. ഈ കുടുംബം നോക്കുന്നതും താനാണെന്നും കൃഷ്ണൻ കോടതിയെ അറിയിച്ചു.
ശിക്ഷാ കാലയളവിൽ താൻ നല്ലനടപ്പായിരുന്നു. തനിക്കെതിരെ കേസുകൾ ഇല്ല. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണ് തന്നെ പ്രതി ചേർത്തത്. പരോളിലിറങ്ങി വൃദ്ധസദനം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കെ.സി രാമചന്ദ്രനും പറഞ്ഞു. വീട്ടിലെ സാഹചര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കോടതിയിൽ പ്രതികൾ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഓൺലൈൻ വഴിയാണ് ജ്യോതി ബാബു കോടതിയിൽ ഹാജരായത്. .
പ്രതികളോട് വീണ്ടും നാളെ രാവിലെ 10. 15 ന് ഹാജാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതികളുടെ ശാരീരിക മാനസിക നില സംബന്ധിച്ച പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഇവരുടെ അഭിഭാഷകരുടെ വാദവും കോടതി കേൾക്കും. ഇതിന് ശേഷം ഉച്ചയോടെയാകും ശിക്ഷാ വിധി.
Discussion about this post