മുംബൈ: പ്രശസ്ത ഇന്ത്യൻ ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. പ്രായത്തെ തുടർന്നുള്ള അസുഖങ്ങൾ കൊണ്ട് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദ്യമായ അവതരണവും ശ്രുതിമധുരമായ ശബ്ദവും കൊണ്ട് പങ്കജ് ഉദാസ് തീർത്ത ഗസലുകൾ ഒരു തലമുറയെ പ്രണയിക്കാൻ പഠിപ്പിച്ചവ കൂടിയായിരുന്നു.
ഫെബ്രുവരി 26ന് രാവിലെ 11 മണിയോടെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ചായിരുന്നു പങ്കജ് ഉദാസ് അന്തരിച്ചത്. ” പത്മശ്രീ പങ്കജ് ഉദാസിൻ്റെ വിയോഗം വളരെ ദുഃഖഭരിതമായ ഹൃദയത്തോടെ നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്, ദീർഘനാളത്തെ അസുഖത്തെ തുടർന്ന് 2024 ഫെബ്രുവരി 26 ന് അദ്ദേഹം അന്തരിച്ചു” എന്ന് അദ്ദേഹത്തിൻ്റെ മകൾ നയാബ് ഉദാസ് സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ ആരാധകരെ അറിയിക്കുകയായിരുന്നു.
1951 മേയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂർ എന്ന സ്ഥലത്താണ് പങ്കജ് ഉദാസ് ജനിച്ചത്. പിന്നീട് അദ്ദേഹം മുംബൈയിലേക്ക് മാറുകയും സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കുകയും ചെയ്തു. 1980-ൽ ‘ആഹത്’ എന്ന ചിത്രത്തിലൂടെയാണ് പങ്കജ് ഉദാസ് ഗസൽ അരങ്ങേറ്റം കുറിച്ചത്. ‘ചിത്തി ആയി ഹേ’, ‘ചാണ്ഡി ജൈസ രംഗ് തേരാ’, ‘തോഡി തോഡി പിയാ കരോ’, ‘ഏക് തരാഫ് ഉസ്‌കാ ഘർ’, ‘ആജ് ജിങ്കേ കരീബ് ഹോതേ ഹേ’ ‘ ഓർ അഹിസ്ത കിജിയെ ബാതേൻ’ എന്നിവ അദ്ദേഹത്തിൻ്റെ പ്രശസ്തമായ ചില ഗാനങ്ങളാണ്. 2006ൽ രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.








