പാലക്കാട്: ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയേതാടെ കേരളത്തിന്റെ അഭിമാനവും വാനോളം ഉയർന്നിരിക്കുകയാണ്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെ നയിക്കുക മലയാളിയായ പ്രശാന്ത് ബി നായർ ആണ്. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ഇന്ത്യൻ പ്രതിരോധ സേനയിൽ വിംഗ് കമാൻഡന്റ് ആയി ജോലി ചെയ്യുന്ന പ്രശാന്ത്.
ചിറ്റിലശേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്. കുവൈത്തിൽ ആയിരുന്നു നാലാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യഭ്യാസം. പ്ലസ് ടു വരെ പല്ലാവൂർ ചിന്മയ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കി.
പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെയാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നത്. ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം 1999ൽ വ്യോമസേനയുടെ ഭാഗമായി. പിന്നീട് യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേന അക്കാദമിയിൽ നിന്നും ‘സ്വോർഡ് ഓഫ് ഓണർ സ്വന്തമാക്കിയിട്ടുണ്ട്.
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പരിശീലനത്തിലായിരുന്നു പ്രശാന്ത്. സാങ്കേതിക പഠന പരിശീലനത്തിനൊപ്പം കായിക, ശാരീരിക, യോഗ പരിശീലനവും അദ്ദേഹം പൂർത്തിയാക്കി. സുഖോയ് യുദ്ധവിമാനമടക്കം വിവിധ വിമാനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ദൗത്യത്തിനായി ഇന്ത്യൻ പ്രതിരോധ സേനയുടെയും ഐഎസ്ആർഒയുടെയും വിവിധ കേന്ദ്രങ്ങളിൽ പരിശീലനം തുടരുകയാണ് പ്രശാന്ത്.












