തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025 അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ജൂലൈയ്ക്ക് മുൻപ് ആദ്യത്തെ ആളില്ലാ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വിക്ഷേപണത്തിന് മുൻപ് മൂന്ന് ആളില്ലാ ദൗത്യം പൂർത്തിയാക്കണമെന്നും ഇസ്രോ ചെയർമാൻ വ്യക്തമാക്കി.
‘2025 അവസാനത്തോടെ ഗഗൻയാൻ ദൗത്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ഷേപണത്തിന് മുൻപ് മൂന്ന് ആളില്ലാ ദൗത്യം പൂർത്തിയാക്കേണ്ടതുണ്ട്. രണ്ട് ആളില്ലാ ദൗത്യം ഈ വർഷവും ഒരെണ്ണം അടുത്ത വർഷവും പൂർത്തിയാക്കും. ജൂലൈ മാസത്തോടെ ആദ്യത്തെ ആളില്ലാ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’- എസ് സോമനാഥ് വ്യക്തമാക്കി.
മികച്ച പരിശീലനം കിട്ടിയ നാല് പേരെയാണ് ഗഗൻയാൻ ദൗത്യ സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ബഹിരാകാശ നിലയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിലാണ്. നാസയുമായി സഹകരിച്ചുള്ള ബഹിരാകാശ പദ്ധതിയും അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നു. ഇതിനായുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ തീരുമാനിച്ചു കഴിഞ്ഞു. ഈ ദൗത്യവും ഉടൻ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, സുഭാൻഷു ശുക്ല എന്നിവരാണ് ദൗത്യ സംഘത്തിലെ മറ്റ് മൂന്ന് പേർ. പ്രശാന്ത് ബാലകൃഷ്ണൻ നായർ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ദൗത്യസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ശുഭാൻഷു ശുക്ല. റഷ്യയിൽ നിന്നും ഇവർ ദൗത്യം പൂർത്തിയാക്കുന്നതിനുള്ള പരിശീലനം നേടിയിട്ടുണ്ട്.
Discussion about this post