ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഹിമാചലിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് പാർട്ടിയിൽ നിന്നും രാജി വച്ചു. ഇനിയെല്ലാം കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനമാണെന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ വിക്രമാദിത്യ സിംഗ് പറഞ്ഞു. രാജി വച്ച നേതാവ് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ‘സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് ഇതുവരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, ഇപ്പോൾ അത് തുറന്ന് പറയേണ്ടത് അത്യാവശ്യമാണ്. എന്നെ സംബന്ധിച്ച് കാബിനറ്റും സ്ഥാനവും ഒന്നും എനിക്ക് വലുതല്ല. ഹിമാചൽ പ്രദേശിലെ ജനങ്ങളുമായുളള ബന്ധമാണ് എനിക്ക് പ്രധാനം. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി സർക്കാരിന്റെ പ്രവർത്തനങ്ങളുടെയും എംഎൽഎമാരെ അടിച്ചമർത്താനും അവഗണിക്കാനുമുള്ള ശ്രമങ്ങളുടെയും ഫലമാണ് ഈ രാജി’- വിക്രമാദിത്യ സിംഗ് വ്യക്തമാക്കി.
40 എംഎൽഎമാരാണ് നിയമസഭയിൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. അതിൽ ആറ് എംഎൽഎമാർ ബിജെപിയ്ക്ക് ആണ് വോട്ട് ചെയ്തത്. ഇതിന് പിന്നാലെ മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിക്ക് ഒപ്പം നിന്നതോടെ കോൺഗ്രസിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.
Discussion about this post