തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയ്ക്ക് മത്സരിക്കാൻ നാല് മണ്ഡലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡി. രാഹുൽ മത്സരിക്കാൻ സമ്മതം അറിയിച്ചാൽ മണ്ഡലം ഏതെന്ന് തീരുമാനിക്കും. സർക്കാരുകളെ അട്ടിമറിക്കുന്നത് നരേന്ദ്രമോദിയുടെ ട്രെഡ് സീക്രറ്റാണെന്നും തെലങ്കാനയിൽ അതിന് കഴിയില്ലെന്നും തെലങ്കാന മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ സിപിഐ വയനാട്ടിൽ ആനി രാജയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി തെലങ്കാനയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് രേവന്ത് റെഡിയുടെ പ്രതികരണം. നേരത്തെ നെഹ്രു കുടുംബത്തിന്റെ ഉറച്ച സീറ്റായ അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് തോറ്റിരുന്നു. രണ്ടാം സീറ്റായ വയനാട്ടിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ജയിച്ചത്. എന്നാൽ വയനാട്ടിൽ ജയം ഈ തവണ ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണ് തെലങ്കാനയിലേക്ക് കോൺഗ്രസ് ഉറ്റുനോക്കുന്നത്.
രാഹുൽ ഗാന്ധി തെലങ്കാനയിൽ മത്സരിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. ഏത് മണ്ഡലത്തിലാണെന്നു തീരുമാനിച്ചിട്ടില്ല. നാലു മണ്ഡലങ്ങൾ തിരഞ്ഞെടുത്ത് ശുപാർശ ചെയ്തിട്ടുണ്ട്. മത്സരിക്കുന്നതിനു രാഹുൽ ആദ്യം സന്നദ്ധത അറിയിക്കണം. അതിനുശേഷം മണ്ഡലത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് രേവന്ത് റെഡി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ 17ൽ 14 സീറ്റ് വരെ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post