സോളാർ കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണത്തിന് പിന്നാലെ സോളാർ വിവാദം വീണ്ടും കത്തുന്നു. ചാണ്ടി ഉമ്മന്റെ ആരോപണങ്ങൾക്ക് അതിശക്തമായ ഭാഷയിലാണ് മന്ത്രി ഗണേഷ് കുമാർ മറുപടി നൽകിയത്. ഉമ്മൻചാണ്ടി തന്നെ വ്യക്തിപരമായി ഒട്ടേറെ ദ്രോഹിച്ചിട്ടുണ്ടെന്നും തന്റെ കുടുംബം തകർത്തതിലും മക്കളിൽ നിന്ന് തന്നെ അകറ്റിയതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു. പഴയ കഥകൾ തന്റെ വായ കൊണ്ട് പറയിപ്പിക്കരുതെന്നും അങ്ങനെ വന്നാൽ പലതും പറയേണ്ടി വരുമെന്നും ഗണേഷ് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇത്രയും കാലം ഇല്ലാതിരുന്ന ‘രഹസ്യം’ ഇപ്പോൾ പുറത്തുവിടുന്നത് ആരെ പറ്റിക്കാനാണെന്നും മന്ത്രി ചോദിച്ചു.
വിശ്വാസിയായ ചാണ്ടി ഉമ്മൻ ബൈബിൾ വായിക്കണമെന്നും കള്ളം പറയുന്നവരെയും കള്ളസാക്ഷി പറയുന്നവരെയും ദൈവം ശിക്ഷിക്കുമെന്നും ഗണേഷ് കുമാർ പരിഹസിച്ചു. ചാണ്ടി ഉമ്മൻ കൂലിത്തല്ലുകാരെപ്പോലെ ഇറങ്ങിത്തിരിക്കരുതെന്നും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് നേരിട്ട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗണേഷിന്റെ ആരോപണങ്ങൾക്ക് ചാണ്ടി ഉമ്മനും മറുപടിയുമായി രംഗത്തെത്തി. പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാൽ അവർ തമ്മിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ പറയാനില്ലെന്നും, ചെയ്ത കാര്യങ്ങളെക്കുറിച്ച് ഗണേഷ്‌കുമാർ സ്വന്തം മനഃസാക്ഷിയോട് ചോദിക്കട്ടെ എന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് ഗണേഷ് കുമാറാണെന്ന് പത്തനാപുരത്ത് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ചാണ്ടി ഉമ്മൻ തുറന്നടിച്ചത്.
കേസിലെ പരാതിക്കാരിയുടെ കത്ത് 18 പേജിൽ നിന്ന് 21 പേജായി വർദ്ധിച്ചതിന് പിന്നിൽ ഗണേഷ് കുമാറാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. ഉമ്മൻചാണ്ടിയുടെ മരണശേഷം കുടുംബവും കോൺഗ്രസും ഗണേഷിനെതിരെ ഇത്രയും ശക്തമായ നിലപാട് സ്വീകരിക്കുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.












Discussion about this post