ദാവോസ് : യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം നാളെ മുതൽ ആരംഭിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. 2022 ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് റഷ്യയും യുക്രെയ്നും യുഎസും തമ്മിൽ ഒരുമിച്ച് യോഗം ചേരുന്നത്. യുഎഇയിൽ വച്ചാണ് ത്രിരാഷ്ട്ര യോഗം നടക്കുന്നത്. രണ്ടുദിവസം നീളുന്ന ചർച്ചകളാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ഭാഗമായി സംസാരിക്കവെ സെലെൻസ്‌കി അറിയിച്ചു.
യുഎഇയിൽ രണ്ടു ദിവസം നടക്കുന്ന യോഗത്തിന് ശേഷം സംഘർഷത്തിന് അവസാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെലെൻസ്‌കി സൂചിപ്പിച്ചു. ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച സംഘർഷത്തിന് അന്ത്യം കുറിക്കുകയാണ് ലക്ഷ്യമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്യക്തമാക്കി. നേരത്തെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിൽ റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ഉടൻതന്നെ പുടിനുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.









Discussion about this post