ക്വാലാലംപുർ : ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ കാലത്തും ഇന്നും ലോകത്തിന് പിടികിട്ടാത്ത ഒരു നിഗൂഢതയാണ് മലേഷ്യൻ വിമാനം എംഎച്ച് 370ന്റെ അപ്രത്യക്ഷമാകൽ. സംഭവം നടന്ന് 10 വർഷം ആകുമ്പോഴും ഈ വിമാനത്തിന് എന്ത് പറ്റി എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. ഇപ്പോഴിതാ വിമാനം കാണാതായതിന്റെ പത്താം വാർഷിക വേളയിൽ എംഎച്ച് 370 നായുള്ള തിരച്ചിൽ പുനരാരംഭിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മലേഷ്യൻ ഭരണകൂടം.
2014 മാർച്ച് 8 ന് ആണ് മലേഷ്യയുടെ എംഎച്ച് 370 എന്ന ബോയിംഗ് 777 വിമാനം കാണാതായിരുന്നത്. 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരിൽ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ ആണ് യാതൊരു സൂചനകളും ബാക്കി വയ്ക്കാതെ വിമാനം അപ്രത്യക്ഷമായത്. മലേഷ്യ ചൈനീസ്, ഓസ്ട്രേലിയൻ പര്യവേക്ഷകരുടെ സഹായത്തോടെ പലതവണ തിരച്ചിൽ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതുവരെയായി മലേഷ്യൻ ഭരണകൂടം 200 മില്യൺ ഡോളറാണ് എംഎച്ച് 370 കണ്ടെത്താനുള്ള തിരച്ചിലിനായി ചിലവഴിച്ചിരിക്കുന്നത്.
വർഷങ്ങൾക്കുശേഷം ആഫ്രിക്കയുടെ തീരത്തുനിന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ ചില ദ്വീപുകളിൽ നിന്നും ഈ വിമാനത്തിന്റേതാണെന്ന് കരുതുന്ന ചില അവശിഷ്ട ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വിമാനത്തിനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നതിനായി യുഎസ് കടൽത്തീര പര്യവേക്ഷണ സ്ഥാപനമായ ഓഷ്യൻ ഇൻഫിനിറ്റിയെ ക്ഷണിച്ചിട്ടുള്ളതായി മലേഷ്യൻ ഗതാഗത മന്ത്രി ആൻ്റണി ലോക്ക് ആണ് അറിയിച്ചത്.
Discussion about this post