ബംഗളൂരു: കർണാടക നിയമസഭയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഇൽത്താസ്, ബംഗളൂരുവിലെ ആർടി നഗർ സ്വദേശിയായ മുനാവർ, ഹാവേരിയിലെ ബൈദാഗി സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിക്കവെയാണ് സഭയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം ഇവർ വിളിച്ചതെന്നാണ് ആരോപണം.
ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോൺഗ്രസ് നേതാവ് സെയ്ദ് നസീർ ഹുസൈൻ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷം നടക്കുകയായിരുന്നു. അപ്പോഴാണ് നിയമസഭയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴങ്ങിയതെന്നാണ് ആരോപണം.
ഇതിന് പിന്നാലെ ആരോപണം തള്ളി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സെയ്ദ് നസീർ ഹുസൈനെ പിന്തുണച്ചുള്ള മുദ്രാവാക്യമാണ് സഭയിൽ ഉയർന്നതെന്ന് കോൺഗ്രസ് അറിയിച്ചു. ‘നസീർ സാബ് സിന്ദാബാദ്’ എന്നാണ് പ്രവർത്തകർ വിളിച്ചതെന്ന് കോൺഗ്രസ് വാദിച്ചു.
പിന്നാലെ സംസ്ഥാന സർക്കാർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ അംഗീകൃത ഫോറൻസിക് സയൻസ് ലാബോറട്ടറിയോട് ആരോപണങ്ങളുടെ വസ്തുത പരിശോധിക്കാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു.സംഭവത്തിന്റെ വീഡിയോ പരിശോധിച്ച ഫോറൻസിക് സംഘം പാക് അനുകൂല മുദ്രാവാക്യം നിയമസഭയിൽ ഉയർന്നിട്ടുണ്ടെന്ന ആരോപണം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post