ചെന്നൈ : സന്മാർഗ പഠന ക്ലാസിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ പാസ്റ്ററുടെ ക്രൂരമർദ്ദനം. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം. ഏഴു വയസ്സുകാരിയായ പെൺകുട്ടിയെയാണ് പാസ്റ്റർ ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ ശരീരത്തിൽ ഇയാൾ സിഗരറ്റ് കുത്തി പൊള്ളിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പാസ്റ്ററിനെതിരെയും പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും പോലീസ് കേസെടുത്തു.
ദാരുണമായ സംഭവത്തെക്കുറിച്ച് രണ്ടാഴ്ച മുമ്പ് ചൈൽഡ് ലൈൻ അധികൃതർ ആണ് പോലീസിനെ അറിയിക്കുന്നത്. പെൺകുട്ടിയുടെ അയൽവാസികൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ചൈൽഡ് ലൈൻ ഈ വിഷയത്തിൽ ഇടപെടുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാസ്റ്റർ ഗുണ ശേഖരൻ, ഇയാളുടെ ഭാര്യ വർഷ, ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ കേസെടുത്തു.
പാസ്റ്റർ ഗുണശേഖരനും പെൺകുട്ടിയുടെ പിതാവും സുഹൃത്തുക്കളാണ് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ഈറോഡ് ജില്ലയിലെ ഭവാനിയിലുള്ള വനിതാ പോലീസ് സ്റ്റേഷൻ ആണ് ഈ സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. നിലവിൽ പ്രതികൾ ഒളിവിൽ ആണെന്നും പിടികൂടാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട് എന്നുമാണ് പോലീസ് അറിയിക്കുന്നത്.








