കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിൽ. രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിയ്ക്കും.
രാവിലെ 10 മണിയ്ക്ക് കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആയിരിക്കും അണ്ടർ വാട്ടർ മെട്രോയുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കുക. ഇതിനൊപ്പം കേരളത്തിലെ കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനലും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബംഗാളിൽ 15, 400 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ഇന്ന് തുടക്കമാകുക. ആറ് വരി തൂക്കുപാലത്തിന്റെ നിർമ്മാണം ഉൾപ്പെടെ ഈ വികസന പദ്ധതികളിൽ ഉൾപ്പെടുന്നു. ഇതിന് ശേഷം മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷം അദ്ദേഹം വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി ബിഹാറിലേക്ക് പോകും.
ബംഗാളിനെയും രാജ്യത്തെയും സംബന്ധിച്ച് വലിയ സവിശേഷതയാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്ന അണ്ടർവാട്ടർ മെട്രോയ്ക്കുള്ളത്. ഹൂഗ്ലി നദിയ്ക്ക് അടിയിലൂടെയാണ് അണ്ടർ വാട്ടർ മെട്രോയുടെ നിർമ്മാണം. ഹൗറയ്ക്കും കൊൽക്കത്തയ്ക്കും ഇടയിലൂടെയാണ് മെട്രോ സർവ്വീസ് നടത്തുക.










