തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 19കാരൻ പിടിയിൽ. ഒളിവിലായിരുന്ന പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിൽ ആരിഫ് ആണ് പിടിയിലായത്. തമിഴ്‌നാട് കുളച്ചലിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. എംജി കോളേജ് വിദ്യാർത്ഥിനിയെ ആണ് ബ്ലേഡ് കൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ പൊറ്റവിളയിൽ വച്ചാണ് സംഭവം. പേപ്പർ മുറിയ്ക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ പ്രതി കാത്തു നിൽക്കുകയും ആക്രമിക്കുകയുമായിരുന്നു.
സാരമായി പരിക്കേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് വധശ്രമത്തിന് കേസെടുത്തു. അന്വേഷണത്തിനായി ഫോർട്ട് എസിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
Discussion about this post