ഡെറാഡൂൺ : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കോൺഗ്രസിന് തിരിച്ചടികൾ തുടരുന്നു. ഇന്നലെ കേരളത്തിലെ മുൻ മുഖ്യമന്ത്രിയുടെ മകളാണ് കോൺഗ്രസ് വിട്ടതെങ്കിൽ ഇന്ന് അതേ സ്ഥാനത്ത് ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയുടെ മകനാണ് പാർട്ടി വിട്ടിരിക്കുന്നത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഭുവൻ ഖണ്ഡൂരിയുടെ മകനും നിലവിലെ കോൺഗ്രസ് എംപിയും ആയ മനീഷ് ഖണ്ഡൂരി പാർട്ടി അംഗത്വം രാജിവെച്ചു.
പൗരി ലോക്‌സഭാ മണ്ഡലത്തിലെ എംപി ആയിരുന്ന മനീഷ് ഈ തവണയും മണ്ഡലത്തിലെ കോൺഗ്രസിന്റെ ശക്തനായ മത്സരാർത്ഥി ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വളരെ അപ്രതീക്ഷിതമായാണ് ഇപ്പോൾ മനീഷ് പാർട്ടി വിട്ടിരിക്കുന്നത്.
കോൺഗ്രസിൽ നിന്നും രാജിവെച്ച മനീഷ് ഖണ്ഡൂരി ബിജെപിയിൽ ചേരും എന്നാണ് സൂചന.
ഉത്തരാഖണ്ഡ് നിയമസഭാംഗമായ ഋതു ഖണ്ഡൂരിയുടെ സഹോദരനും കൂടിയാണ് മനീഷ്.
മനീഷിന്റെ രാജിയുടെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും കാരണങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നും കോൺഗ്രസ് സംസ്ഥാന വക്താവ് ശിഷ്പാൽ സിംഗ് ബിഷ്ത് അറിയിച്ചു. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സമയത്തെ പ്രമുഖ നേതാവിന്റെ രാജി ഉത്തരാഖണ്ഡിൽ കോൺഗ്രസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.









