യുക്രെയ്‌നെതിരായ നീണ്ട യുദ്ധം റഷ്യയെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക ആവശ്യങ്ങൾക്കായുള്ള അമിത ചെലവുകൾ കാരണം റഷ്യൻ ഫെഡറൽ ട്രഷറിയുടെ സിംഗിൾ അക്കൗണ്ടിലെ ബാലൻസ് മൈനസ് 5.5 ട്രില്യൺ റൂബിൾസ് (ഏകദേശം ആറുലക്ഷം കോടി രൂപ) വരെയായി താഴ്ന്നതായാണ് ബ്ലൂംബെർഗ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. നിശ്ചയിച്ച ഇടപാടുകൾ പോലും കൃത്യസമയത്ത് നടത്താൻ ഫണ്ടില്ലെന്ന് ധനകാര്യ മന്ത്രി ആന്റൺ സിലുവാനോവ് മുന്നറിയിപ്പ് നൽകിയതോടെ രാജ്യം കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് കടന്നു. പ്രതിസന്ധി മറികടക്കാൻ സൈനികേതര മേഖലയിലെ ചെലവുകൾ 35 ശതമാനവും ഫെഡറൽ ജീവനക്കാരുടെ എണ്ണത്തിൽ 15 ശതമാനവും വെട്ടിക്കുറച്ചിരിക്കുകയാണ്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലെ റഷ്യയുടെ ബജറ്റ് കമ്മി ജിഡിപിയുടെ 2.5 ശതമാനമായ 5.9 ട്രില്യൺ റൂബിളായി ഉയർന്നതായി ഫോർബ്‌സ് റഷ്യയും റിപ്പോർട്ട് ചെയ്തു.
യുദ്ധച്ചെലവുകൾ താങ്ങാനാവാത്ത വിധം ഉയർന്നതായി ഉദ്യോഗസ്ഥർ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെ ധരിപ്പിച്ചെങ്കിലും സൈനിക ചെലവ് ചുരുക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം ജനക്ഷേമ പദ്ധതികൾ വെട്ടിച്ചുരുക്കി സൈനിക ഫണ്ട് ഉറപ്പാക്കാനാണ് പുതിന്റെ നിർദ്ദേശം. രാജ്യത്തിന്റെ കടം തിരിച്ചടയ്ക്കാനുള്ള പലിശയിനത്തിൽ മാത്രം ബജറ്റിന്റെ 9 ശതമാനത്തോളം (4 ട്രില്യൺ റൂബിൾസ്) ചെലവാകുന്നുണ്ട്. എന്നാൽ പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം മറച്ചുവെക്കാനാണ് ഔദ്യോഗിക കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. നിലവിലെ കമ്മി താൽക്കാലികം മാത്രമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അവകാശപ്പെട്ടു. സാമ്പത്തിക തകർച്ചയ്ക്കൊപ്പം തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് യുക്രെയ്ൻ നടത്തുന്ന പ്രത്യാക്രമണങ്ങളും റഷ്യക്ക് കനത്ത തിരിച്ചടിയാകുന്നുണ്ട്.
അതേസമയം ആഭ്യന്തര രാഷ്ട്രീയത്തിലും ഭരണകൂടം കടുത്ത സമ്മർദ്ദത്തിലാണ്. വരാനിരിക്കുന്ന സെപ്റ്റംബറിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുദ്ധവിരുദ്ധ നിലപാടുള്ള പ്രധാന പ്രതിപക്ഷ പാർട്ടിയായ യാബ്ലോകോയെ (Yabloko) മത്സരിക്കുന്നതിൽനിന്ന് റഷ്യൻ സുപ്രീം കോടതി വിലക്കി. പ്രചാരണ സാമഗ്രികളിൽ പകർപ്പവകാശ ലംഘനം ആരോപിച്ച് പ്രതിപക്ഷത്തെ തിരഞ്ഞെടുപ്പിൽ നിന്ന് അകറ്റിനിർത്താനുള്ള ശ്രമങ്ങൾക്കെതിരെ വിമർശനം ശക്തമായിരിക്കെയാണ് റഷ്യയിലെ കടുത്ത സാമ്പത്തിക തകർച്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്.








