ന്യൂയോർക്ക് : മാദ്ധ്യമ ഭീമനും അമേരിക്കൻ ശതകോടീശ്വരനുമായ റുപ്പർട്ട് മർഡോക്ക് വീണ്ടും വിവാഹിതനാവാൻ ഒരുങ്ങുകയാണ്. 92 വയസ്സുകാരനായ അദ്ദേഹത്തിന്റെ അഞ്ചാം വിവാഹമാണിത്. ഇത്തവണ മാർഡോക്കിന്റെ വധു ആകുന്നത് 67 വയസ്സുകാരിയായ എലന സുകോവ ആണ്.
റഷ്യൻ മോളിക്യുലാർ ബയോളജിസ്റ്റ് ആണ് എലന സുകോവ. കഴിഞ്ഞദിവസം ലോസ് ഏഞ്ചലസിൽ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ജൂണിൽ മർഡോക്കിന്റെ കാലിഫോർണിയയിലെ വൈൻ യാർഡ് എസ്റ്റേറ്റിൽ വെച്ച് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗായികയും റേഡിയോ ജോക്കിയുമായ ആൻ ലസ്ലി സ്മിത്തിനെ വിവാഹം കഴിക്കാനായി മർഡോക്ക് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ വിവാഹനിശ്ചയ ശേഷം കഴിഞ്ഞവർഷം മാർച്ചിൽ ഇരുവരും പിരിയുകയായിരുന്നു. പിന്നീടാണ് മർഡോക്ക് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ റിസർച്ച് യൂണിറ്റിൽ ജോലി ചെയ്തിരുന്ന എലന സുകോവയുമായി പ്രണയത്തിൽ ആയത്.
അമേരിക്കൻ നടി ജെറി ഹാൾ അടക്കമുള്ള നാല് മുൻ ഭാര്യമാരിലായി ആറു മക്കളാണ് റുപ്പർട്ട് മർഡോക്കിന് ഉള്ളത്. വാൾ സ്ട്രീറ്റ് ജേണൽ, ഫോക്സ് ന്യൂസ്, ദി ടൈംസ്, ദി സൺ, ഹെറാൾഡ് സൺ, ദി ഓസ്ട്രേലിയൻ എന്നിങ്ങനെ നിരവധി പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈകാര്യം ചെയ്യുന്ന ഫോക്സ് കോർപ്പറേഷൻ, ന്യൂസ് കോർപ് എന്നിവയുടെ സ്ഥാപകനാണ് റുപ്പർട്ട് മർഡോക്.








