ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താനുമായുള്ള അതിർത്തി തർക്കങ്ങളും വിമാന ആക്രമണങ്ങളും രൂക്ഷമായി തുടരുന്നതിനിടെ പാകിസ്താന്റെ ഭീകരവാദ അനുകൂല നയങ്ങളുടെയും ഐ.എസ്.ഐയുടെ സാമ്പത്തിക നേട്ടങ്ങളുടെയും നടുക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി മുൻ പാക് സെനറ്ററും ഇൻഫർമേഷൻ മന്ത്രിയുമായ മുഷാഹിദ് ഹുസൈൻ സയ്യിദ്. സോവിയറ്റ് യൂണിയനെതിരായ അഫ്ഗാൻ ജിഹാദിന്റെ മറവിൽ അൽ ഖാഇദ സ്ഥാപകൻ ഉസാമ ബിൻ ലാദൻ, അയ്മൻ അൽ സവാഹിരി എന്നിവരടങ്ങുന്ന പതിനായിരക്കണക്കിന് മുജാഹിദുകൾക്ക് പരിശീലനം നൽകാൻ പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് (ISI) സി.ഐ.എ (CIA) 2.1 ശിലകോടി ഡോളർ നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ‘ഖാൻകാസ്റ്റ്’ എന്ന പോഡ്‌കാസ്റ്റിലായിരുന്നു മുൻ മന്ത്രിയുടെ ഈ നിർണായക വെളിപ്പെടുത്തൽ.
സൗദി അറേബ്യ നൽകിയ തുല്യമായ തുക ഉൾപ്പെടെ അക്കാലത്ത് 5 ശതകോടിയോളം ഡോളർ അഫ്ഗാനിലേക്ക് ഒഴുകിയെന്നും ഇതിന്റെ വലിയൊരു വിഹിതം പാകിസ്താനിലെ സൈനിക-രാഷ്ട്രീയ ഉന്നതർ തട്ടിയെടുത്തെന്നും മുഷാഹിദ് വ്യക്തമാക്കുന്നു. അഫ്ഗാൻ യുദ്ധത്തിന്റെ മറവിൽ പാകിസ്താൻ ആണവശക്തിയായി മാറിയതാണ് ഇതിൽ നിന്നുള്ള പ്രധാന നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നീട് അഫ്ഗാനിസ്താനിൽ അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളിൽ 2.2 ട്രില്യൺ ഡോളറിലധികം ചെലവഴിച്ചപ്പോഴും പാക് ഉന്നതർ ഇതുകൊണ്ട് വൻ ലാഭമുണ്ടാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താനെ തങ്ങളുടെ അഞ്ചാം പ്രവിശ്യയായി കണ്ട് പാകിസ്താൻ നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് നിലവിലെ സുരക്ഷാ ഭീഷണികൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനികളെ തങ്ങളുടെ നിഴൽ ഭരണാധികാരികളോ പ്രോക്സികളോ ആയി വളർത്താൻ കഴിയില്ലെന്ന് പാകിസ്താൻ വൈകിയാണ് മനസ്സിലാക്കിയത്. സഹിർ ഷാ മുതൽ താലിബാൻ വരെയുള്ള നേതാക്കൾക്ക് അഫ്ഗാൻ ദേശീയതയാണ് പ്രധാനം. മുൻപ് ഹമീദ് കർസായിയെ ഭരണത്തിലേറ്റാൻ പാക് സൈന്യം ഇടപെട്ടിരുന്നുവെങ്കിലും കാര്യങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിൽ നിന്നില്ല. 2022-ൽ നിരോധിത ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താനുമായി (TTP) ചർച്ച നടത്താൻ അന്നത്തെ സൈനിക നേതൃത്വം ശ്രമിച്ചപ്പോൾ അതിനെ എതിർത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു താനെന്നും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ടി.ടി.പിക്കായി പെഷവാറിൽ ഓഫീസ് തുറക്കാൻ വരെ ആഗ്രഹിച്ചിരുന്നുവെന്നും മുഷാഹിദ് വെളിപ്പെടുത്തി.
2026 ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഖൈബർ പഖ്തുൻഖ്വ മേഖലയിൽ റോന്തുചുറ്റുകയായിരുന്ന 200-ഓളം പോലീസുകാരുടെ ജീവനാണ് ടി.ടി.പി ആക്രമണങ്ങളിൽ പൊലിഞ്ഞത്. ഇതോടൊപ്പം അറുനൂറോളം ഭീകരാക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്വന്തം വിദേശനയത്തിലും ആഭ്യന്തര രാഷ്ട്രീയത്തിലും മാറ്റം വരുത്തിയില്ലെങ്കിൽ വൻ സ്ഫോടനത്തിലേക്കാണ് പാകിസ്താൻ നീങ്ങുന്നതെന്നും ചൈന, റഷ്യ, തുർക്കി, ഇറാന് അടക്കമുള്ള സൗഹൃദ രാജ്യങ്ങൾ പാകിസ്താന്റെ അഫ്ഗാൻ നയം തെറ്റാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പഴയ തെറ്റുകൾ ആവർത്തിക്കുന്നത് പാകിസ്താനെ കടുത്ത ദുരന്തത്തിലേക്ക് തള്ളിയിടുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം പോഡ്‌കാസ്റ്റ് അവസാനിപ്പിച്ചത്.












