ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ എലവേറ്റഡ് ഹൈവേ ആയ ദ്വാരക എക്സ്പ്രസ് വേയുടെ പൂർത്തിയായ ഭാഗം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന സെക്ഷന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിർവ്വഹിച്ചത്. ഗുരുഗ്രാമിൽ നടന്ന പരിപാടിയിലാണ് എക്സ്പ്രസ് വേ രാജ്യത്തിന് സമർപ്പിച്ചത്. ദ്വാരക എക്സ്പ്രസ് വേ യാഥാർത്ഥ്യമായതോടെ ഡൽഹിയിൽ നിന്നും ഗുരുഗ്രാമിലേക്കുള്ള വാഹനയാത്ര സുഗമമാകും.
എക്‌സ്പ്രസ് വേയ്ക്കായി 9000 കോടിയോളം രൂപയാണ് ഇതുവരെ ചിലവായത്. ഡൽഹിയും ഹരിയാനയും തമ്മിലുള്ള ഗതാഗതം കൂടുതൽ സുഗമമാകും. വാഹനങ്ങളുടെ ഗിയർ മാത്രല്ല, എക്‌സ്പ്രസ് വേ യാഥാർത്ഥ്യമാവുന്നതോടെ രാജ്യത്തെ ജനങ്ങളുടെ ഗിയറും മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ന് രാജ്യം ആധുനിക കണക്റ്റിവിറ്റിയിലേക്ക് മറ്റൊരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ദ്വാരക എക്സ്പ്രസ് വേ രാജ്യത്തിന് സമർപ്പിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. 9,000 കോടിയിലധികം രൂപ ഈ എക്സ്പ്രസ് വേയ്ക്കായി ചെലവഴിച്ചു. ഇന്ന് മുതൽ ഡൽഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള ഗതാഗതത്തിൽ എന്നെന്നേക്കുമായി മാറ്റങ്ങൾ സംഭവിക്കും. വാഹനങ്ങളിൽ മാത്രമല്ല, ഡൽഹിയിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഗിയർ മാറ്റാനും ഈ ആധുനിക എക്സ്പ്രസ് വേ സഹായകമാകും’ – പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ഘട്ടങ്ങളാക്കി തിരിച്ചാണ് ഹരിയാന സെക്ഷന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എക്സ്പ്രസ് വേയുടെ 19 കിലോമീറ്റർ ദൂരമാണ് ഹരിയാന സെക്ഷനിൽ ഉള്ളത്. ഇതിൽ ഡൽഹി- ഹരിയാന അതിർത്തിയിൽ നിന്നും ബാസി ആർഒബിയിലേക്കുള്ള 10. 2 കിലോമീറ്റർ ദൂരവും, ബാസി ആർഒബിയിൽ നിന്നും ഖേർകി ദൗലയിലേക്കുള്ള 8.7 കിലോമീറ്റർ ദൂരവും ഉൾപ്പെടുന്നു. ബാക്കിയുള്ള ഭാഗങ്ങളിൽ എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എട്ട് വരികളുള്ള ഹൈ സ്പീഡ് എക്സ്പ്രസ് വേയാണ് ദ്വാരക എക്സ്പ്രസ് വേ. ശിവ മൂർത്തിയിൽ നിന്നും ആരംഭിക്കുന്ന ഖേർകി ദൗള ടോൾപ്ലാസയിലാണ് അവസാനിക്കുക.









