അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ഡെലിവെറി പാർട്ണർമാർക്കായി പുതിയ ഡ്രെസ് കോർഡ് അവതരിപ്പിച്ച് സൊമാറ്റോ. സാധാരണ ചുവപ്പ് നിറത്തിലുള്ള ടി ഷർട്ട് ആണ് സൊമാറ്റോയിൽ സ്ത്രീകൾക്കുള്ള യൂണിഫോം. എന്നാൽ, ഇതിന് പകരം കുർത്ത ധരിക്കാനുള്ള ഓപ്ഷനാണ് വനിതാ ജീവനക്കാർക്കായി സൊമാറ്റോ അവതരിപ്പിച്ചിരിക്കുന്നത്.
ടി ഷർട്ട് ധരിക്കുന്നതിൽ നിരവധി സ്ത്രീകൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പുതിയ നടപടി. ഇതോടൊപ്പം ജോലിയിടങ്ങളിൽ പോലും തങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിയും.
ഇൻസ്റ്റഗ്രാമിലൂടെ പുറത്തിറക്കിയ ഒരു വീഡിയോയിലൂടെയാണ് സൊമാറ്റോ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വനിതാ ജീവനക്കാർ ഈ പ്രഖ്യാപനത്തിന് നന്ദി പ്രകടിപ്പിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കയ്യടികളോടെയാണ് സോഷ്യൽ മീഡിയാ ലോകം ഈ പ്രഖ്യാപനം ഏറ്റെടുത്തത്. ഇതുവരെ തൊണ്ണൂറ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.












