ചെന്നൈ: കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല. കാന്തയൂരിലാണ് സംഭവം. രാവിലെയോടെയാണ് സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിനുള്ളിൽ ഭീമൻ മുതല എത്തിയത്.
രാവിലെ തോട്ടത്തിൽ പണിയ്‌ക്കെത്തിയ തൊഴിലാളികളാണ് മുതലയെ ആദ്യം കണ്ടത്. ഉടനെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. അധികൃതർ എത്തി മുതലയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
അടുത്തുള്ള ഭവാനി സാഗർ തടാകത്തിൽ നിന്നാണ് മുതല എത്തിയത് എന്നാണ് നിഗമനം. വേനൽ ആയതിനാൽ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് തടാകത്തിൽ നിന്നും മുതല പുറത്തുവന്നതാകാമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം ഭീമൻ മുതലയെ കണ്ടത് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.










