വാഷിംഗ്ടൺ: തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി ഹോളിവുഡ് നടി ഒലീവിയ മൺ. ഇപ്പോൾ അതിനുള്ള ചികിത്സയിലാണ്. ഈ അടുത്ത് രണ്ട് ശസ്ത്രക്രിയകൾ നടത്തിയെന്നും താരം ആരാധകരെ അറിയിച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചികിത്സയുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള പോസ്റ്റ് ഒലീവിയ പങ്കുവച്ചത്.
സ്തനാർബുദം വേഗം തന്നെ നിർണയിക്കാൻ കഴിഞ്ഞു. അതിനാൽ തന്നെ ചികിത്സക്കായി നിരവധി ഓപ്ഷനുകൾ ഉണ്ട്. താൻ ഭാഗ്യവതിയാണെന്നും താരം പറയുന്നു. പല സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നേക്കാം. എന്നാൽ, കരുത്തോടെ തന്നെ നേരിടാൻ കഴിയണമെന്നും താരം പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കാൻസർ പരിശോധനയ്ക്ക് വിധേയയായത്. 90 വ്യത്യസ്ത തരത്തിലുള്ള കാൻസർ ജീനുകൾ പരിശോധിക്കുന്ന ജനിതക പരിശോധന നടത്തിയിരുന്നു. എന്നാൽ, ആ പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരമാണ് സ്തനാർബുദ പരിശോധന നടത്തിയത്. അതുകൊണ്ടു തന്നെ വേഗത്തിൽ രോഗം കണ്ടെത്താനും ചികിത്സ ആരംഭിക്കാനും കഴിഞ്ഞു. രണ്ട് സ്തനങ്ങളിലും കാൻസർ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസങ്ങൾക്കുള്ളിൽ നാല് ശസ്ത്രക്രിയകൾ നടത്തി. നിങ്ങളോട് എല്ലാം വെളിപ്പെടുത്തുന്നതിന് മുൻപ് തന്റെ ശ്വാസം തിരിച്ചു പിടിക്കേണ്ടതുണ്ടായിരുന്നു. കഠിനമായ അവസ്ഥകളിലൂടെയാണ് ഇതുവരെയും കടന്നുപോയത്. തന്റെ പങ്കാളിയായ ജോൺ മുലാനിയോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ടെന്നും ഒലീവിയ പറഞ്ഞു.
Discussion about this post