എറണാകുളം: കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങി പ്രിൻസിപ്പാൾ. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ വച്ചാണ് സംഭവം. പാട്ട് പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും പ്രിൻസിപ്പാൾ മൈക്ക് ബലമായി പിടിച്ചു മാറ്റുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം വേദിയിൽ നിന്നും ഇറങ്ങിപ്പോയി.
പരിപാടിയിൽ കോറസ് പാടാൻ പുറമേ നിന്നും മറ്റൊരു പാട്ടുകാരനെ കൂടി എത്തിച്ചിരുന്നു. എന്നാൽ, ഉദ്ഘാടകനായ ജാസി ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതി നൽകിയിട്ടുള്ളൂ എന്ന് പ്രിൻസിപ്പാൾ നിലപാടെടുക്കുകയായിരുന്നു.
അതേസമയം, കോളേജിനകത്ത് പുറത്തു നിന്നുള്ള ആളുകളുടെ സംഗീതപരിപാടി നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.












