ന്യൂഡൽഹി : കശ്മീരിൽ ആദ്യമായി നടന്ന ഫോർമുല-4 കാർ റേസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി കശ്മീരിൽ നിന്നും മിഹിർ എന്ന ഉപയോക്താവ് പങ്കുവച്ച പോസ്റ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് അഭിനന്ദനങ്ങൾ അറിയിച്ചത്. കശ്മീർ ശരിക്കും മാറിപ്പോയി എന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ എന്നും അറിയിച്ചു കൊണ്ടാണ് കശ്മീരിൽ നിന്നും ഉള്ള മിഹിർ ഷാ ദാൽ തടാകത്തിന്റെ കരയിലൂടെയുള്ള ഫോർമുല-4 കാർ റേസ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.
ഇത് ശരിക്കും ഹൃദയഹാരിയായ കാഴ്ചയാണെന്ന് മോദി അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിൻ്റെ സൗന്ദര്യം കൂടുതൽ പ്രദർശിപ്പിക്കാൻ ഇത്തരം കായികാഭ്യാസങ്ങളും മത്സരങ്ങളും സഹായിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. മോട്ടോർസ്‌പോർട്‌സിന് അഭിവൃദ്ധി പ്രാപിക്കാൻ ഇന്ത്യ മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിന് അനുയോജ്യമായ സ്ഥലങ്ങളിൽ ഏറ്റവും മുൻനിരയിലുള്ള സ്ഥലമാണ് ശ്രീനഗർ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദാൽ തടാകത്തിൻ്റെ തീരത്തുള്ള ലളിത് ഘട്ടിൽ നിന്ന് നഗരത്തിലെ നെഹ്‌റു പാർക്ക് വരെയാണ് 1.7 കിലോമീറ്റർ ദൈർഘ്യമുള്ള ഫോർമുല-4 കാർ റേസ് നടന്നത്.
റേസിൽ പ്രൊഫഷണൽ ഫോർമുല-4 ഡ്രൈവർമാരുടെ മികച്ച പ്രകടനങ്ങൾ തന്നെയാണ് ഉണ്ടായത്. ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ ഫോർമുല-4 ൻ്റെയും ഇന്ത്യൻ റേസിംഗ് ലീഗിൻ്റെയും സഹകരണത്തോടെയായിരുന്നു റേസിംഗ് ഇവൻ്റ് നടത്തിയത്.
വേഗവും മത്സരവും മാത്രമല്ല, പ്രതിരോധത്തിൻ്റെയും ഐക്യത്തിൻ്റെയും ആഘോഷമാണ് പരിപാടിയെന്ന് സംഘാടകർ വ്യക്തമാക്കി. ഡ്രോൺ നിരീക്ഷണം അടക്കമുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയായിരുന്നു റേസ് നടത്തിയിരുന്നത്.
Leave a Comment