കാബൂൾ: തെഹെരേക് ഇ താലിബാൻ പാകിസ്താന്റെ നേതാവിനെ പിടികൂടാനെന്ന പേരിൽ പാകിസ്താൻ സൈന്യം അഫ്ഘാൻ മണ്ണിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി ശക്തമാക്കി അഫ്ഘാനിസ്ഥാൻ. അഫ്ഘാനിസ്താൻ നടത്തിയ തിരിച്ചടിയിൽ ഒരു പാകിസ്താൻ സൈനിക ക്യാപ്റ്റൻ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിന് മറുപടിയായി അതിർത്തിയിൽ പാകിസ്ഥാൻ സൈനികരെ ലക്ഷ്യമിട്ടാണ് സുരക്ഷാ സേന ആക്രമണം നടത്തിയതെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടു കൂടി ഇ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മറ്റൊരു തലത്തിലേക്ക് കടന്നു.
തിങ്കളാഴ്ച പുലർച്ചയോട് കൂടി അഫ്ഘാനിസ്താൻ മണ്ണിൽ പാകിസ്താൻ നടത്തിയ രണ്ട് വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളടക്കം എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു ഇതിനെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ സംഘർഷം ഉടലെടുത്തത്.
പാകിസ്താന്റെ സൈനിക നടപടിയോട് അതിരൂക്ഷമായാണ് താലിബാൻ സർക്കാർ പ്രതികരിച്ചത് , “ഈ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും ഈ അശ്രദ്ധമായ നടപടി അഫ്ഗാനിസ്ഥാൻ്റെ പരമാധികാരത്തിൻ്റെ ലംഘനമാണെന്നും , പാകിസ്താൻ ഇതിനു വലിയ വില നൽകേണ്ടി വരുമെന്നും അഫ്ഘാൻ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയെ തുടർന്നാണ് ഇപ്പോൾ പാകിസ്താൻ സൈന്യത്തിനെതിരെ ആക്രമണങ്ങൾ നടക്കുകയും ആർമി ക്യാപ്റ്റൻ കൊല്ലപ്പെടുകയും ചെയ്തത്.
Discussion about this post