റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) മുൻ എംഎൽഎ സീത മുർമു സോറൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേ, ചത്തീസ്ഖഡിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ലക്ഷ്മി കാന്ത് ബാജ്‌പേയ് എന്നിവരുടെ സാന്നിധ്യത്തിലാണ് സീത മുർമു പാർട്ടി അംഗത്വം സ്വീകരിച്ചത്.
മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സഹോദരന്റെ ഭാര്യയാണ് സീത മുർമു. ഇന്ന് രാവിലെയോടെയാണ് സീത മുർമു പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും രാജി വച്ചത്. പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനമുൾപ്പെടെ എല്ലാ സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നതായി ചൂണ്ടിക്കാട്ടി ഭർതൃപിതാവും ജെ.എം.എം നേതാവുമായ ഷിബു സോറന് സീത കത്ത് നൽകിയിരുന്നു.
ഭർത്താവ് ദുർഗാ സോറന്റെ മരണശേഷം താനും കുടുംബവും പാർട്ടിയിൽ തുടർച്ചയായി അവഗണിക്കപ്പെട്ടുവെന്ന് സീത രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. തന്റെ ഭർത്താവ് കെട്ടിപ്പടുത്ത പ്രസ്ഥാനം അതിന്റെ ആദർശങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നത് കാണുമ്പോൾ വേദനയുണ്ടെന്നും സീത മുർമു കത്തിൽ വ്യക്തമാക്കി.








