ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ പ്രതിഫലത്തിൽ വർദ്ധനവ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതോടെയാണ് കേന്ദ്ര സർക്കാർ കൂലി വർദ്ധിപ്പിക്കുന്നത്. പുതുക്കിയ വേതനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും എന്നാണ് വിവരം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിലൊരു അനുമതി നൽകിയത്. ഗ്രാമപ്രദേശങ്ങളിൽ ഓരോ കുടുംബത്തിന് പരാമവധി 100 ദിവസം തൊഴിൽ നൽകുന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
കഴിഞ്ഞ വർഷം മാർച്ചിലാണ് തൊഴിലുറപ്പ് കൂലി അവസാനമായി വർദ്ധിപ്പിച്ചത്. 22 രൂപയായിരുന്നു അന്ന് കൂട്ടിയത് . 311 രൂപയിൽ നിന്ന് 333 രൂപയായാണ് കേന്ദ്രം ഉയർത്തിയത്. നിലവിലെ സാമ്പത്തിക വർഷം ആറു കോടി കുടുംബങ്ങൾക്കാണ് പദ്ധതി വഴി തൊഴിൽ ലഭിച്ചത്. ഇതിൽ 35.5 ലക്ഷം കുടുംബങ്ങൾക്ക് 100ദിവസത്തെ തൊഴിലും ലഭിച്ചിരുന്നു.









