കോട്ടയം : അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറെ കുത്തേറ്റ നിലയിൽ കണ്ടെത്തി. കോട്ടയം കടത്തുരുത്തിയിലാണ് ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. അപകടം നടന്നതിന് സമീപത്തെ വീട്ടിൽ ഒരു യുവാവിനെ മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ കെഎസ് പുരം സ്വദേശിയായ വടക്കേകണ്ണംകരയത്ത് പ്രഭാത് എന്ന 40 വയസ്സുകാരനെയാണ് ഓട്ടോയ്ക്കുള്ളിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. അറുന്നൂറ്റിമംഗലം മുളംമടയ്ക്കൽ ഷിബു ലൂക്കോസ് എന്ന 48 വയസ്സുകാരനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇയാളാണ് ഓട്ടോഡ്രൈവറെ കുത്തിയത് എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഇന്ന് ഉച്ചയോടെ ഷിബു ലൂക്കോസ് പ്രഭാതിന്റെ ഓട്ടോറിക്ഷ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. വീട്ടിലെത്തിയ പ്രഭാതിനെ ഷിബു കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റെങ്കിലും പ്രഭാത് ഓട്ടോറിക്ഷയുമായി ഷിബുവിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാൽ വഴിയിൽവെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടുള്ള പ്രഭാതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post