ബീജിങ്: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ പദ്ധതികളുമായി ചൈനയും ഉത്തര കൊറിയയും. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ കൂടിക്കാഴ്ച നടത്തി. .
ഭരണപക്ഷമായ വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ അന്താരാഷ്ട്ര വകുപ്പ് തലവനായ കിം സോങ്ങ് നാമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളാണ് ചൈനയിലെത്തി ചർച്ച നടത്തിയത്. കഴിഞ്ഞാഴ്ച മുതൽ ഉത്തരകൊറിയയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങൾ സന്ദർശിക്കുകയാണ് ഇപ്പോൾ പ്രതിനിധികൾ.
ലോകത്ത് എന്ത് മാറ്റങ്ങളുണ്ടായാലും ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധത്തിൽ യാതൊരു വിള്ളലും ഉണ്ടാകില്ലെന്ന് ചൈനയിലെ ഉയർന്ന നേതാക്കളിലൊരാളായ വാംഗ് ഹുനിംഗ് വ്യക്തമാക്കി. ഉത്തര കൊറിയയുടെ നേതാവായ കിം ജോങ്ങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തങ്ങളുടെ ബന്ധം അതിശക്തമായി തുടരുമെന്ന സന്ദേശം കൈമാറിയിരുന്നു.
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ റഷ്യയും ചൈനയുമായുള്ള ചരക്കുകടത്തും മറ്റ് നയതന്ത്ര കൈമാറ്റങ്ങളും ഉൾപ്പെടെ വടക്കൻ കൊറിയ നിർത്തിവച്ചിരുന്നു. ഇപ്പോഴും പല നിയന്ത്രണങ്ങളും വടക്കൻ കൊറിയയിൽ നിലവിലുണ്ട്












