തൃശ്ശൂർ : തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ വീണ്ടും പരാതി. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ ക്ഷേത്രത്തിന്റെയും വിഗ്രഹത്തിന്റെയും ചിത്രം ഉൾപ്പെടുത്തിയതിനാണ് വിഎസ് സുനിൽകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുള്ളത്. കെപിസിസി വർക്കിംഗ് പ്രസിഡണ്ടും സിറ്റിംഗ് എംപിയും ആയ ടി എൻ പ്രതാപൻ ആണ് സുനിൽകുമാറിനെതിരെ പരാതി നൽകിയിരിക്കുന്നത്.
നേരത്തെ നടൻ ടൊവിനോ തോമസിനൊപ്പം ഉള്ള ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിന് വി എസ് സുനിൽകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസിഡറായ ടൊവിനോ തോമസിനൊപ്പം ഉള്ള ഫോട്ടോ പ്രചരിപ്പിച്ചതിന് ബിജെപി ആയിരുന്നു പരാതി നൽകിയിരുന്നത്.
ടൊവിനോ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സിപിഐക്കും വിഎസ് സുനിൽകുമാറിനും താക്കീത് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും സുനിൽകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചിരിക്കുകയാണ്. ദൈവത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ പേരിൽ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് പേരുമാറ്റച്ചട്ട ലംഘനമാണ്. അത്തരം സാഹചര്യത്തിലാണ് വിഎസ് സുനിൽകുമാർ തൃപ്രയാർ ക്ഷേത്രത്തിന്റെയും തേവരുടെയും ഫോട്ടോ അടിച്ച ഫ്ലക്സുമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരിക്കുന്നത്.
Discussion about this post