ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് 133 കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇപ്പോൾ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ ഇങ്ങനെ നൽകിയ പണത്തിന് പകരമായി ഭീകരൻ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പന്നൂൻ വെളിപ്പെടുത്തി.
1993ൽ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് ഒമ്പത് പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി ബോംബ് സ്‌ഫോടനത്തിലെ പ്രതിയാണ് ഭുള്ളർ. ഇയാളുടെ വധശിക്ഷ 2014ൽ ജീവപര്യന്തമായി ഇളവ് ചെയ്തു.
2014ൽ ന്യൂയോർക്കിലെ ഗുരുദ്വാര റിച്ച്മണ്ട് ഹിൽസിൽ വെച്ച് കെജ്‌രിവാളും ഖാലിസ്ഥാൻ അനുകൂല സിഖുകാരും തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയിലാണ് പ്രസ്തുത തീരുമാനം എടുത്തതെന്നും പന്നൂൻ വ്യക്തമാക്കി.








