തൃശ്ശൂർ: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പോലീസിൽ പരാതി നൽകി നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തന്നെ വ്യക്തിപരമായി സത്യഭാമ അപമാനിച്ചുവെന്ന് പരാതിയിൽ പറയുന്നു.
ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് അദ്ദേഹം പരാതി കൈമാറിയത്. ഇതിനൊപ്പം സത്യഭാമയുടെ അഭിമുഖവും പോലീസ് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. അതേസമയം സംഭവം നടന്നത് തിരുവനന്തപുരത്ത് ആയതിനാൽ ഈ പരാതി വഞ്ചിയൂർ പോലീസിന് കൈമാറും. ഓൺലൈൻ ആയിട്ടാകും പരാതി കൈമാറുക എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായി അധിക്ഷേപിച്ചു, വംശീയ അധിക്ഷേപം നടത്തി, മനസിന് വേദയുണ്ടാക്കുന്ന തരത്തിൽ സംസാരിച്ചു തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.\
പരാമർശത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി നേരത്തെ തന്നെ ആർഎൽവി രാമകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്ക്കെതിരെ ഇപ്പോഴും വിമർശനം തുടരുകയാണ്.
ഇതിനിടെ മാപ്പപേക്ഷയുടെ സ്വരത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി സത്യഭാമ രംഗത്ത് എത്തിയിരുന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ആയിരുന്നില്ല തന്റെ പ്രതികരണം എന്നായിരുന്നു സത്യഭാമ പറഞ്ഞത്. രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്നും, തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്നുവെന്നും പരാതി ഉന്നയിക്കുകയും ഇവർ ചെയ്തിരുന്നു.
Discussion about this post