മുംബൈ: മുംബൈ നോർത്ത് വെസ്റ്റ് പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള അമോൽ കീർത്തികറിനെ ഉൾപ്പെടുത്തി ശിവസേന (യുബിടി) മഹാരാഷ്ട്രയിലെ തങ്ങളുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിൽ കടുത്ത അമർഷവുമായി കോൺഗ്രസ്.
കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ആണ് “ശിവസേന അതിരുകടന്ന നടപടികൾ സ്വീകരിക്കരുത് എന്ന താക്കീതുമായി രംഗത്ത് വന്നത്. ശിവസേന സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി വെറും മണിക്കൂറുകൾക്കുള്ളിൽ ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകികൊണ്ട് കോൺഗ്രസ് രംഗത്ത് വന്നതോട് കൂടി ഇൻഡി സഖ്യത്തിലെ മറ്റൊരു വലിയ പ്രതിസന്ധി കൂടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ് എന്ന് വ്യക്തമായി. ശിവ സേന ഉദ്ധവ് ഘടകം സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ അവരുമായുള്ള കോൺഗ്രസ് സഖ്യം “സ്വയം വിനാശകരം” ആണെന്ന് തെളിയിക്കപ്പെടുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
മുംബൈ നോർത്ത് വെസ്റ്റ് പാർലമെൻ്റ് മണ്ഡലത്തിൽ സഥാനാർത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് പോലുള്ള “അതിരുകടന്ന നിലപാട്” ശിവസേന സ്വീകരിക്കരുത്. ഇത് കോൺഗ്രസിന് വലിയ നഷ്ടമുണ്ടാക്കും. ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതൃത്വം അടിയന്തര ഇടപെടൽ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു, ഇല്ലെങ്കിൽ പാർട്ടിയെ രക്ഷിക്കാൻ ശിവ സേനാ സഖ്യം തകർക്കുന്നതാണ് നല്ലത്. ശിവസേനയുമായുള്ള സഖ്യ തീരുമാനം കോൺഗ്രസിന് സ്വയം വിനാശകരമാണെന്ന് അല്ലെങ്കിൽ കാലം തെളിയിക്കും, അതിൻ്റെ ആഘാതം മഹാരാഷ്ട്രയിൽ മാത്രമല്ല അതിനപ്പുറവും അനുഭവപ്പെടും, ”നിരുപം മുംബൈയിൽ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മുംബൈയിൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള ശിവസേനയുടെ തീരുമാനം കോൺഗ്രസിനെ പാർശ്വവൽക്കരിക്കാനല്ലാതെ മറ്റൊന്നിനുമല്ലെന്ന് 2009ൽ മുംബൈ നോർത്ത് ലോക്‌സഭയിൽ പ്രതിനിധീകരിച്ച നിരുപം വ്യക്തമാക്കി.
Discussion about this post