പാർലമെന്റ് അങ്കണത്തിൽ കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിനെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ച രാഹുൽ ഗാന്ധിക്കെതിരെ രാജ്യസഭയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് യുവരാജാവിന്റെ അഹങ്കാരം അതിന്റെ ഉച്ചസ്ഥായിയിലാണെന്നും സിഖ് സമൂഹത്തോടുള്ള കോൺഗ്രസിന്റെ കാലപ്പഴക്കമുള്ള വിദ്വേഷമാണ് രാഹുലിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും മോദി കുറ്റപ്പെടുത്തി. ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തിൽ കോൺഗ്രസിന്റെ സിഖ് വിരുദ്ധ രാഷ്ട്രീയത്തെയും വികസന വിരുദ്ധതയെയും പ്രധാനമന്ത്രി എണ്ണിയെണ്ണി പറഞ്ഞു വിമർശിച്ചു.
ബുധനാഴ്ച പാർലമെന്റ് കവാടത്തിൽ പ്രതിപക്ഷ എംപിമാർക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെയാണ് സഭയിലേക്ക് പോകുകയായിരുന്ന കേന്ദ്രമന്ത്രി ബിട്ടുവിനെ നോക്കി രാഹുൽ ഗാന്ധി ‘രാജ്യദ്രോഹി’ (Traitor) എന്ന് വിളിച്ചത്. “വക്രബുദ്ധിയുള്ള കോൺഗ്രസ് യുവരാജാവ് ഈ സഭയിലെ ഒരംഗത്തെ രാജ്യദ്രോഹി എന്ന് വിളിച്ചു. സിഖുകാരനായത് കൊണ്ടാണ് അദ്ദേഹം ബിട്ടുവിനെ അങ്ങനെ വിളിച്ചത്. ഇത് സിഖ് സമൂഹത്തെയും ഗുരുവര്യന്മാരെയും അപമാനിക്കുന്നതിന് തുല്യമാണ്. കോൺഗ്രസിന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന സിഖ് വിദ്വേഷത്തിന്റെ പ്രകടനമാണിതെന്ന് മോദി ആഞ്ഞടിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് ബിട്ടു എന്നും, കേവലം രാഷ്ട്രീയ പ്രത്യയശാസ്ത്രം മാറിയതിന്റെ പേരിൽ ഒരാളെ രാജ്യദ്രോഹി എന്ന് വിളിക്കാൻ എങ്ങനെ സാധിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ പരാമർശം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും ഇത്തരം നിലപാടുകൾ കോൺഗ്രസിനെ തകർക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ജെഎൻയുവിൽ ഉയർന്ന ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളെയും ‘ഗരീബി ഹട്ടാവോ’ പോലുള്ള കോൺഗ്രസിന്റെ പൊള്ളയായ മുദ്രാവാക്യങ്ങളെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതും ജനങ്ങളെ വഴിതെറ്റിക്കുന്നതുമാണ് കോൺഗ്രസിന്റെ പാരമ്പര്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ബഹളം വെച്ച പ്രതിപക്ഷം, പിന്നീട് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിലും സിഖ് സമുദായം ഭാരതത്തിന് നൽകുന്ന സംഭാവനകളെ ആദരിക്കുന്നതിലും ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി വ്യക്തമാക്കി.രാജ്യദ്രോഹിയെന്ന വാക്ക് നിസ്സാരമല്ലെന്നും ഒരു പൗരനെതിരെ അത്തരം പ്രയോഗം നടത്തുന്നത് രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.








